തൃശൂർ: സുവോളജിക്കൽ പാർക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗതപ്രസംഗത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജൻ. 336 ഏക്കറിൽ 371 കോടി മുതൽമുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതിപഠനശാല തൃശൂർ സുവോളജിക്കൽ പാർക്കെന്ന പേരിൽ യാഥാർഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാൻ ഫണ്ടുകൊണ്ടു പൂർത്തിയാക്കാൻ പറ്റാത്ത വിശാലമായ ആശയമാണിത്.
വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാൻ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവിൽ ആവശ്യപ്പെട്ടത്. സാന്പത്തികപ്രയാസങ്ങൾക്കിടയിലും പൂർണമായ സംഖ്യ പ്ലാൻ ഫണ്ടിൽനിന്നു നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായി. നവകേരളസദസിനെ അനാവശ്യവിവാദങ്ങളിൽ പെടുത്തിയതോടെയാണ് സുവോളജിക്കൽ പാർക്കിലെ പരിപാടി മാറ്റിവയ്ക്കേണ്ടിവന്നത്.
അതേ നവകേരളസദസിന്റെ സമ്മാനമായാണ് പാർക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനുമുന്പ് റോഡിന്റെ നിർമാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാർക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്കു മാറ്റാനുള്ള സംഖ്യ ഈ സർക്കാർ കനിഞ്ഞുനൽകി. എത്ര നന്ദിപറഞ്ഞാലും തീരാത്ത അനുഭവങ്ങളാണിത്.
സെൻട്രൽ സൂ അഥോറിറ്റി പാർക്കിന്റെ അനുമതിക്കായി സന്ദശിച്ചപ്പോൾ ആദ്യം ചോദിച്ചത് ഇത്ര വലിയ പദ്ധതിക്ക് എങ്ങനെ പ്ലാൻ ഫണ്ടിൽനിന്നു പണം കണ്ടെത്തുമെന്നാണ്. അതിനുള്ള ഞങ്ങളുടെ മറുപടിയായിരുന്നു കിഫ്ബി.
പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സാരഥികൾ രാഷ്ട്രീയത്തിനതീതമായി പരസ്പരം ഉയർത്തിപ്പിടിച്ച സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും സമാനതകൾ ഇല്ലാത്ത അനുഭവങ്ങൾകൊണ്ടാണു പാർക്ക് യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു.